2017, ജൂലൈ 7, വെള്ളിയാഴ്‌ച

ആ വിക്ടര്‍ ടച്ച് ചിത്രത്തിനുപിന്നില്‍...





പ്രിയ വിക്ടർ ഞങ്ങളുടെ കൺ ഫോക്കസിൽ നിന്നും താങ്കൾ ഔട്ടായിട്ട് 2017 ജൂലൈ ഒൻപതിനു പതിനാറുവർഷമാകുന്നു. ഡിജിറ്റൽ ക്യാമറകൾ അതിന്റെ പ്രതാപത്തിലേക്ക് എത്തുംമുൻപുള്ള താങ്കളുടെ മടക്കം പത്രലോകത്തിനും ഫൊട്ടോഗ്രഫിയെ സ്നേഹിക്കുന്നവർക്കും ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. മനക്കണക്കിൽ എടുത്ത ചിത്രങ്ങൾ പ്രിന്റുചെയ്തുവരുമ്പോൾ മാത്രം ദൃശ്യമാകുന്ന കാലത്ത് താങ്കളൊരുക്കിയ വിസ്മയങ്ങൾ ഇന്നും മറക്കാതെ സൂക്ഷിക്കുന്ന ലക്ഷക്കണക്കിനു മലയാളികൾ ലോകമെമ്പാടുമുണ്ട്. കോട്ടയത്ത് ഒരുമിച്ചു ജോലിചെയ്യുമ്പോൾ അങ്ങനെയൊരു വിസ്മയത്തെക്കുറിച്ച് താങ്കൾ പങ്കുവച്ചത് ഈ കുറിപ്പുവായിക്കുന്നവർക്കായി ഇവിടെ പങ്കിടുന്നു.
പ്രഭാതങ്ങൾ പൊട്ടിവിടരുന്ന കാഴ്ചയായിരുന്നു ഒരു കാലത്ത് മലയാള പത്രങ്ങളുടെ പുതുവർഷാരംഭ ചിത്രം. അതിൽ ചില മാറ്റങ്ങളുണ്ടാക്കാൻ പലവർഷങ്ങളിൽ‌ പലരും ശ്രമിക്കുകയും ഏറെക്കുറെ വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും സൂര്യകിരണമില്ലാതെ എങ്ങനെ പുതുവർഷപുലരിയെ വരവേൽക്കും എന്ന ചിന്തയിലേക്ക് പല പത്രാധിപന്മാരും ഡിസംബർ 31ലെ സായാഹ്നത്തിൽ എത്തിച്ചേരും. അവസാനം തെങ്ങും തേങ്ങാക്കുലയും സൂര്യകിരണവുമൊക്കെയായി ജനുവരി ഒന്നിന്റെ ഒന്നാംപേജ് വായനക്കാർക്ക് ആശംസനേർന്ന് പുറത്തിറങ്ങുകയും ചെയ്യും. എന്നാൽ തികച്ചും വിഭിന്നമായിരുന്നു 2000 ജനുവരി ഒന്നിൽ വിക്ടർ ജോർജിന്റെ ക്യാമറയിലൂടെ മലയാള മനോരമ ലോകത്തെ കാണിച്ച ചിത്രം. മഴചിത്രങ്ങളെ മാറ്റിനിറുത്തിയാൽ വിക്ടർ ജോർജെന്നു പറയുമ്പോൾ 75 ശതമാനം ആളുകളുടെ മനസിലേക്കു ഓടിയെത്തുന്നതും ആ ചിത്രം തന്നെ. അതെ! ആ കുഞ്ഞിക്കാലുകളിൽ മുത്തശ്ശി മുത്തമിടുന്ന ചിത്രം.
ഇതേവർഷംതന്നെ മനോരമയിൽ ജോലിക്കുള്ള പരീക്ഷക്കെത്തിയ എനിക്ക് വിക്ടറിനോട് ചോദിക്കാനുള്ളതും ഈ ചിത്രത്തെക്കുറിച്ചുതന്നെയായിരുന്നു. 1999ൽ നിന്നും 2000ലേക്കുള്ള ഈ നൂറ്റാണ്ടിന്റെ മാറ്റത്തെ എങ്ങനെ ചിത്രത്തിലൂടെ വ്യത്യസ്തമാക്കാം എന്ന് ഏകദേശം അഞ്ചുമാസക്കാലത്തോളം അദ്ദേഹം മനസിലിട്ട് ഉരുക്കി കുറുക്കി എടുക്കുകയായിരുന്നു. പല ആശയങ്ങളും ഡയറിയിൽ കുറിച്ചിട്ടു. പല ചിത്രങ്ങൾ എടുത്തുനോക്കി. ഒന്നും പൂർണതയിലെത്തിയിട്ടില്ലെന്നു മനസ് പറഞ്ഞു. ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കവെ പ്രായത്തിൽ മുതിർന്ന സ്ത്രീകളിലൊരാൾ കുഞ്ഞിൻറെ കാലുകളിൽ മുത്തമിടുന്ന ദൃശ്യം കണ്ടപ്പോഴുണ്ടായ ‘സ്പാർക്കാണ്’ നൂറ്റാണ്ടും തലമുറയും മാറുന്ന ആശയം ഉൾക്കൊള്ളുന്ന ചിത്രമായി വിക്ടർ തന്റെ ഫിലിം ക്യാമറയിൽ പിന്നീടു പകർത്തിയത്. അന്ന് മുത്തമിട്ട കുട്ടിയുടെ കാലോ മുത്തശ്ശിയെയോ ആയിരുന്നില്ല തന്റെ ചിത്രത്തിനായി വിക്ടർ തിരഞ്ഞെടുത്തത്. മുഖത്തു ചുളിവുകളുള്ള ഒരു അമ്മൂമ്മയെ അദ്ദേഹംതന്നെ കണ്ടെത്തി പകർത്തുകയായിരുന്നു. ആ അമ്മൂമ്മ ഇന്ന് ഏത് അവസ്ഥയിലാണെന്നറിയില്ല. ആ കുട്ടി 17 വർഷത്തിനുശേഷം ഇപ്പോൾ എന്തുചെയ്യുന്നുവെന്നും അറിയില്ല. ഇത് വായിക്കുന്ന കൂട്ടത്തിൽ ആ കുഞ്ഞുകാലിന്റെ ഉടമ ഉണ്ടെങ്കിൽ പറയാനും മടിക്കേണ്ട.
എന്തൊക്കെ തയ്യാറെടുപ്പോടെ മുൻകൂർ ചിത്രങ്ങൾ ഒരുക്കിയാലും അവസാന നിമിഷം ഉണ്ടാകുന്ന വാർത്താ വിസ്ഫോടനങ്ങൾ അവയൊക്കെയും മാറ്റിമറിക്കും. റാഞ്ചിയെടുത്ത ഇന്ത്യൻ എയർലൈസ് വിമാനത്തിലെ യാത്രക്കാരെമോചിപ്പിക്കാൻ തടവിലുള്ള ഭീകരരെ ഇന്ത്യ വിട്ടുകൊടുത്ത വലിയ സംഭവം നടന്ന ദിവസമായിരുന്നു 1999 ഡിസംബർ 31. ഈ വാർത്തയും അതിന്റെ ചിത്രവുമെല്ലാം ഒന്നാംപേജിൽത്തന്നെ നൽകേണ്ട ദിനവുമാണുപിറ്റേന്ന്. ഈ പരീക്ഷണത്തെ മറികടക്കാൻ ചീഫ് ന്യൂസ് എഡിറ്റർമാരും അസോഷ്യേറ്റ് എഡിറ്ററുമെല്ലാം അടങ്ങുന്ന സംഘം വിക്ടറിന്റെ ചിത്രത്തിനായി മാത്രം പ്രത്യേക ഒന്നാം പേജൊരുക്കി. പക്ഷേ ഇതുവരെ അങ്ങനൊരു മുഖപേജ് പ്രധാനപേജിനുമുൻപായി മലയാളത്തിലെങ്ങും ഇറങ്ങിയിട്ടില്ലാത്തതിനാൽ ‘ഇതെങ്ങനെ ശരിയാകും’ എന്ന ചിന്തക്കാരും ഉണ്ടായിരുന്നു. എല്ലാദിവസവുമിറങ്ങുന്ന പത്രത്തിന്റെ രൂപകൽപനയിൽ ഇടപെടാറില്ലാത്ത ചീഫ് എഡിറ്റർ ശ്രീ. കെ.എം. മാത്യുവിന്റെ അനുവാദംകൂടി ചരിത്രപരമായ ഈ പേജ് ഇറക്കാൻ അന്നത്തെ ചീഫ് ന്യൂസ് എഡിറ്റർമാർ തേടേണ്ടിവന്നു. അങ്ങനെ ഒരു ചിത്രത്തിനുമാത്രമായി ഒന്നാം പേജ് നൽകിയ ചരിത്രവുമായി പിറ്റേന്നത്തെ പത്രം ഇറങ്ങി.
മലയാള മനോരമയുടെ കോട്ടയം ഓഫിസ് ഭിത്തിയിൽ വിക്ടർ ടച്ചുമായി ഇന്നും തൂങ്ങിക്കിടക്കുന്ന ആ ചിത്ര‍ം ഉൾക്കൊള്ളുന്ന പത്രത്താളിനുമുന്നിൽ സ്മരണാഞ്ജലി. ഞാനും എന്റെ സഹപ്രവർത്തകരും എടുക്കുന്ന ഏതെങ്കിലുമൊക്കെ വാർത്താചിത്രത്തിൽ ‘അതിനൊരു വിക്ടർ ടച്ചുണ്ടല്ലോ’ എന്ന് ആരെങ്കിലും പറയുമ്പോൾ ഓർമ്മിക്കുന്നു; വിക്ടറെന്ന മുൻഗാമി വെട്ടിത്തെളിച്ചുപോയ പാതയുടെ വ്യാപ്തി. By Josekutty Panackal

Connected to : https://www.facebook.com/josekuttyp/posts/1503951976321865

#Remembering #Late #NewsPhotographer #PhotoJournalist #VictorGeorge #MalayalaManorama #Photographer #Memoir #JULY9 #16thDeathAnniversary

2017, ജൂലൈ 5, ബുധനാഴ്‌ച

നന്ദിയുടെ വാക്കുകള്‍


വാട്സാപ്പിനും മെസഞ്ചറിനും മുൻപ് യാഹൂചാറ്റ് ശക്തനായിരുന്ന കാലത്ത് ചാറ്റ്റൂമിലെത്തിയ സായിപ്പ്, എന്താണു ജോലിയെന്ന് എന്നോടു ചോദിച്ചു. ഫോട്ടോജേണലിസ്റ്റാണെന്നു പറഞ്ഞപ്പോൾ അതൊരു ‘താങ്ക്‌ലെസ്’ ജോലിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആഗ്രഹിച്ചുനേടിയ ജോലിയെക്കുറിച്ച് ഇങ്ങനൊരു കാഴ്ചപ്പാടുള്ളയാളെ കാര്യങ്ങൾഅങ്ങനല്ല എന്നു  പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു തുടർന്നുള്ള ചാറ്റിങ്. അദ്ദേഹം തന്റെ കാഴ്ചപ്പാട് മാറ്റിയോ എന്നറിയില്ല പക്ഷേ  നന്ദിയുടെ മുഖങ്ങൾ ഓരോദിവസവും വാക്കുകളായും സന്ദേശങ്ങളായും എനിക്കരികിലെത്തുമ്പോൾ ഞാൻ തെളിയിക്കാൻ ശ്രമിച്ചത് ശരിതന്നെയെന്ന് കാലം പറയുന്നു. ആ വഴിയിലെ ചിലകാര്യങ്ങളെക്കുറിച്ചു ഫോട്ടോവൈഡ് ജൂൺ ലക്കം മുഖാമുഖം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ രചിച്ചത് മുൻപത്രഫൊട്ടോഗ്രഫർ ആയിരുന്ന ബി. ചന്ദ്രകുമാർ.  ഇതേ മേഖലയിൽത്തന്നെയുള്ളയാൾ അത് എഴുതിയതുകൊണ്ടുതന്നെ ഉള്ള സ്ഥലപരിമിതിയിൽ എന്നെ വരച്ചുകാട്ടാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ചിത്രങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും ലേഖനത്തിനൊപ്പം ഏത് ഉപയോഗിക്കണമെന്നുള്ളത് ഫോട്ടോവൈഡ് പത്രാധിപ സമിതിയുടെ തീരുമാനമാണ്. നന്ദി ടീം ഫോട്ടോവൈഡ്, നന്ദി ബി. ചന്ദ്രകുമാർ. By Josekutty Panackal 

**ജൂണിലെ ഫോട്ടോവൈഡ് ഇപ്പോൾ കടകളിൽ ലഭ്യമായിരിക്കില്ല. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ലേഖനം വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇതൊടൊപ്പമുള്ള ലിങ്കിൽ നിന്നും പിഡിഎഫ് തുറന്ന് വായിക്കാം. പിഡിഎഫ് ആക്കുവാൻ ഫോൺസ്കാനർ ഉപയോഗിച്ചതിനാൽ ചിത്രങ്ങൾക്കും അക്ഷരങ്ങൾക്കും വ്യക്തതക്കുറവ് അനുഭവപ്പെട്ടേക്കാം. 
CLICK HERE TO OPEN PDF






2017, ജൂൺ 10, ശനിയാഴ്‌ച

നിങ്ങൾ വീഴുമ്പോഴുമുണ്ടാകും ആ ക്യാമറ!!!


‘ദാ! ഇതുകൂടി എടുത്തോ’ ഇങ്ങനെ ഒരു ഫൊട്ടോഗ്രഫറോട് പറയാത്തവരായി ഒരു രാഷ്ട്രീയക്കാരനും ഉണ്ടാകില്ല. രാഷ്ട്രീയക്കാരെന്നല്ല ഫൊട്ടോഗ്രഫറെ സ്വന്തം ആവശ്യത്തിനു വിളിച്ചുവരുത്തിയ ഏതൊരാളും ഈ വാക്കുകൾ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ ഈ വാക്കുകൾക്കുകാത്തുനിൽക്കാതെ പൊതുജനത്തിനു കാണാൻ ത‍ാത്പര്യമുള്ളത് നിമിഷാർദ്ധങ്ങൾക്കുള്ളിൽ ക്യാമറയിൽ പകർത്തുന്നവരാണ് ന്യൂസ് ഫൊട്ടോഗ്രഫർമാർ‌. അങ്ങനെയുള്ളൊരാളുടെ നെഞ്ചോടടുക്കിപ്പിടിച്ച ക്യാമറ പറിച്ചെടുത്ത് എറിഞ്ഞുടയ്ക്കുമ്പോൾ ഒന്നോർക്കുക; നിങ്ങൾ പറിച്ചെറിയുന്നത് വെറുമൊരു ഇലക്ട്രോണിക് ഉപകരണം മാത്രമല്ല അവന്റെ മനസും ജീവിതവുമാണ്. 

കയ്യിൽനിന്നും വഴുതിയ ക്യാമറ ഉരുൾപൊട്ടിവന്നിട്ടും നെഞ്ചോടടുക്കിപ്പിടിച്ചു മരണത്തെ പുൽകിയ വിക്ടർ ജോർജിന്റെ അനുഭവ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ ന്യൂസ് ഫൊട്ടോഗ്രഫർമാർ. തന്റെ കുടുംബത്തിനോ വീട്ടുകാർക്കോ യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളിലേക്കും ഓരോ ദിവസവും ന്യൂസ് ഫൊട്ടോഗ്രഫർ ആവേശപൂർവം എടുത്തുചാടുന്നത് മാസാവസാനം അക്കൗണ്ടിൽ എത്തിച്ചേരുന്ന തുകയുടെ അക്കങ്ങളുടെ എണ്ണം അനുസരിച്ചല്ല. മറിച്ച് ജനത്തിനു അറിയേണ്ടുന്നതും കാണേണ്ടുന്നതുമായ സംഭവത്തിൽ അവരുടെ കണ്ണായി മാറുകയെന്ന ബോധ്യത്തിൽ നിന്നുമാണ്. പാർട്ടിക്കും കൊടിക്കുമൊക്കെ അപ്പുറം മനുഷ്യനായുള്ള ഒരുവനും ചെയ്യാൻ കഴിയാത്ത സംഭവമാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്നത്. തന്റെ സമ്പാദ്യം സ്വരുക്കൂട്ടിയതും ബാങ്ക് ലോണുമൊക്കെ ഉപയോഗപ്പെടുത്തി വാങ്ങിയ ക്യാമറ ചിലരുടെ അന്യായങ്ങൾക്കു സാക്ഷിയാകേണ്ടിവന്നതിനാൽ തകർക്കാൻ വിധിക്കപ്പെടുകയായിരുന്നു. ഈ ക്യാമറ തകർത്താലും ഒന്നിനു പത്തായി വേറെയും ക്യാമറകൾ നിങ്ങൾക്കുചുറ്റും ഉണ്ടാകുമെന്ന് എപ്പോഴും ഓർമ്മിക്കുക, അതിന്റെ തെളിവാണ് ഇന്നലെയും ഇന്നുമായി നിങ്ങൾ മാധ്യമങ്ങളിൽ കണ്ടതൊക്കെയും. അവനവൻ ചെയ്യുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്ന നിമിഷം ക്യാമറ ശത്രുവായി മാറും അല്ലാത്തപ്പോൾ മിത്രവും. അങ്ങനൊരു തെറ്റ് പൊതുജന മധ്യത്തിൽ ചെയ്ത നിമിഷം പകർത്താനൊരുങ്ങിയ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ ന്യൂസ് ഫൊട്ടോഗ്രഫർ സനേഷിനെയാണ് നിങ്ങൾ സംഘബലത്തിൽ  അടിച്ചമർത്താൻ നോക്കിയത്. ഓർമ്മിക്കുക പൊതുനിരത്തിലോ സമൂഹത്തിലോ ഒരിക്കൽ നിങ്ങളും നിരായുധനായി നിൽക്കുന്ന അവസരം വരും: അപ്പോഴും ഇതുപോലൊരു ക്യാമറ നിങ്ങളുടെ ചെയ്തികൾ പകർത്തിക്കൊണ്ടേയിരിക്കും. 

ഒരു കണ്ണ് തല്ലിപ്പൊട്ടിച്ചിട്ടു ‘സാരമില്ല  വേറെ കണ്ണുനമുക്ക് വച്ചുപിടിപ്പിക്കാം’ എന്നുപറയുന്നതുപോലെയാണ് ക്യാമറയുടെ തകരാർ പരിഹരിച്ചുതരാം മാറ്റിവാങ്ങാം എന്നെല്ലാം ഓരോ ഫൊട്ടോഗ്രഫറെയും ആശ്വസിപ്പിക്കുന്നത്.  അക്രമം അഴിച്ചുവിടുന്നവരെ അമർച്ചചെയ്യാനെത്തുന്ന പൊലീസും അക്രമികളും അവരവരുടെ സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധിക്കുമ്പോൾ ഇരുകൂട്ടരിൽ നിന്നും തന്റെ ശരീരവും ക്യാമറയും സംരക്ഷിച്ചുപിടിക്കാൻ ബദ്ധപ്പെടുന്നവരാണ് ഓരോ ന്യൂസ് ഫൊട്ടോഗ്രഫറും. അക്രമികളുടെ കയ്യിൽ നിന്നും വരുന്ന കല്ലും അവർക്കുനേരെ പോകുന്ന പൊലീസിന്റെ ഷെല്ലും ഇതിനിടയിലുള്ള വാർത്താചിത്രകാരന്മാരെ കടന്നാണ് യാത്രചെയ്യുന്നത്.  ഇതിനിടയിൽ ഒരു കണ്ണടച്ചുനിൽക്കുന്ന ഇവരെ തുണയ്ക്കാൻ ദൈവത്തിന്റെ കരം മാത്രമാണുള്ളത്. കല്ലേറുകൊണ്ട പൊലീസുകാരനു  ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരുക്കേറ്റവനെന്ന ആനുകൂല്യവും, ഷെല്ലിൽ‌ പരുക്കേറ്റ അക്രമിക്ക് പാർട്ടിതണലിൽ ഹീറോ പരിവേഷവും കിട്ടുമ്പോൾ ‘സീറോ’യാകുന്നത് ഇതിനിടയിൽ കുരുങ്ങിയ മാധ്യമപ്രവർത്തകൻ മാത്രം. ‘ആവശ്യമില്ലാത്ത സ്ഥലത്ത് എന്തിനു ചെന്നുചാടുന്നുവെന്ന്’ നാട്ടുകാരും വീട്ടുകാരും ചേ‍ാദിക്കുകയും, ‘മറ്റവരെ കണ്ടില്ലേ അവർക്ക് കുഴപ്പമൊന്നുമില്ലല്ലോ’യെന്ന് ഭാഗ്യത്തിൽ രക്ഷപെട്ട സഹപ്രവർത്തകരെ നോക്കി ഓഫിസിലുള്ളവർ ചോദിക്കുകയും ചെയ്യുമ്പോൾ തകരുന്നത് അവന്റെ മനസാണ്. ആ മനസിനെ തൃപ്തിപ്പെടുത്താൻ രണ്ടുകോളം ചിത്രത്തിനടിയിൽ  ‘ബൈലൈൻ’ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അക്ഷരങ്ങൾക്കു കരുത്തുണ്ടാകില്ല. ആ കരുത്തില്ലായ്മയിലും അവൻ പരുക്കോ മാനസീക സമ്മർദ്ദമോ വകവയ്ക്കാതെ ആശുപത്രിയിൽക്കിടക്കുന്ന  പൊലീസുകാരന്റെയും അക്രമിയുടെയും ചിത്രം എടുക്കാൻ ഓടും; വാർത്തയുടെ ഇരുവശവും ജനത്തെ അറിയിക്കുന്നതിനായി. പിറ്റേന്ന് ഇതുകണ്ട് രാഷ്ട്രീയനേതാക്കൾ പരുക്കേറ്റ കുട്ടിനേതാവിനെ കാണാനെത്തുമ്പോഴും പൊലീസ് ഉദ്യോഗസ്ഥനു പ്രമോഷൻ സാധ്യതയേറുമ്പോഴും തന്റെ മുറിവിൽ ചെറുലേപനം പോലും പുരട്ടാനാവാതെ അടുത്ത വാർത്തയിലേക്ക് ഓടിയിട്ടുണ്ടാകും ആ ന്യൂസ് ഫൊട്ടോഗ്രഫർ. അതുകൊണ്ട് ക്യാമറ ഒരിക്കൽകൂടി നെഞ്ചോടുചേർത്തുപറയട്ടെ സാധ്യമാണ് ഈ ക്യാമറയിൽത്തന്നെ നിങ്ങളുടെ  ഇകഴ്ചയും പുകഴ്ചയും....#StandWithPhotoJournalist 

                                      ജോസ്കുട്ടി പനയ്ക്കൽ 10.06.2017 


**** ഒരു പ്രത്യേക വിഭാഗം മാത്രം അക്രമികളാകുമ്പോൾ ഇത്തരം ‘തള്ള്’ അടിച്ചുകൂട്ടുന്നുവെന്ന് വായിച്ചപ്പോൾ തോന്നിയെങ്കിൽ മുൻപും ഇത്തരം വാക്കുകൾ പ്രതികരണത്തിനായി അടിച്ചുകൂട്ടിയിട്ടുണ്ട്. താഴേക്ക് ‘തള്ളി’ നോക്കിയാൽ മാത്രം മതിയാകും. 

2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

"എരിപൊരി" സായാഹ്നം


 "എരിപൊരി" സായാഹ്നം: അവധി ദിനങ്ങളുടെ ആഘോഷം അതിന്‍റെ ഉച്ചസ്ഥായിയില്‍ തുടരുന്നു. സായാഹ്നസൂര്യനു മുളകുമാലതീര്‍ത്തു കൊച്ചി പുതുവൈപ്പ് ബീച്ചില്‍ നിന്നൊരു ദൃശ്യം. ചിത്രം. #JOSEKUTTY PANACKAL


എല്ലാ ചിത്രത്തിനുപിന്നിലും എന്തെങ്കിലും കഥകളുണ്ടാകും. പല ചിത്രങ്ങളുടെയും കഥ മുന്‍പ് ഇവിടെത്തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇതോടൊപ്പമുള്ള  ചിത്രം എടുത്ത ശേഷമുള്ള കഥ ചിരിക്കാനുള്ള വകനല്‍കി. മറ്റൊരു വാര്‍ത്താ സന്ദര്‍ഭം പകര്‍ത്തി ഓഫിസിലേക്കുള്ള യാത്രക്കിടെയാണ് പേജില്‍ ഒരു ഓഫ്ബീറ്റ് ചിത്രം വയ്ക്കാനുള്ള സ്ഥലം ഉണ്ടെന്ന് സന്ദേശം ലഭിക്കുന്നത്. മുന്‍പ് എടുത്തുവച്ചിരിക്കുന്ന ചിത്രങ്ങളെ ഒഴിവാക്കി അവധിക്കാലമായതിനാല്‍ അതിന്‍റെ ഒരു ചിത്രം കൊടുക്കാമെന്ന ചിന്തയോടെയാണ് ഇതുവരെ പോകാത്ത കൊച്ചി പുതുവൈപ്പ് ബീച്ചിലെത്തിയത്. തിരയില്‍ കളിക്കുന്ന കുട്ടികള്‍,  പ്രണയം പങ്കിടുന്ന യുവമിഥുനങ്ങള്‍, പ്രായഭേദമെന്യെ പട്ടം പറത്തുന്നവര്‍, അസ്തമയം വീക്ഷിക്കുന്ന പ്രായമേറിയവര്‍, ബീച്ചിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്നവര്‍...  എന്നിങ്ങനെപോകുന്നു അവിടത്തെ സായാഹ്ന ദൃശ്യം. ഇരുപത് മിനിറ്റിനുള്ളില്‍ ചിത്രം ഓഫിസിലേക്ക് അയക്കുകയും വേണം. ഇതിനിടെ ഏതോ മദാമ്മയെ കറക്കിയെടുത്ത് ഒരു യുവ കോമളനും അവിടെയെത്തി. ക്യാമറ അവര്‍ക്കുനേരെ തിരിച്ചപാടെ പുള്ളിയൊന്ന് പരുങ്ങി. അതോടെ "ഉടായ്പ്പ് മണി" മനസില്‍ മുഴങ്ങി. വെറുതെ ചിത്രമെടുത്ത് അവനെയും മദാമ്മയെയും ടെന്‍ഷനാക്കേണ്ടെന്നുകരുതി മറ്റുദൃശ്യങ്ങളെടുക്കാന്‍ ക്യാമറ തിരിച്ചെങ്കിലും "പതുങ്ങിയ പുലിക്ക്" ചിത്രം എടുത്തോയെന്ന് സംശയം. എല്ലാവരുടെയും മുഖങ്ങളെ ഒഴിവാക്കി ഒരു നിഴല്‍ചിത്രം (സില്ലൗട്ട്‌ - silhouette) ചിത്രം എടുക്കാന്‍ പെട്ടെന്നാണ് ആശയമുദിച്ചത്. അതിനായി ഉടന്‍ മുളകുബജി വില്‍പനക്കാരന്‍റെ പിന്നിലേക്ക് നീങ്ങി. സൂര്യന്‍ അസ്തമിക്കുകയോ മേഘത്തിനുള്ളില്‍ മറയുകയോ ചെയ്താല്‍ ഉദ്ദേശിച്ച ചിത്രം കിട്ടാതാകും. യുവ കോമളനും പിന്നാലെ കൂടി. സൂര്യനെ മുളകുമാലയുടെ അകത്താക്കി പൊസിഷന്‍ ചെയ്ത് ക്യാമറയിലെ കെല്‍വിന്‍ സംവിധാനമൊക്കെ ഉപയോഗപ്പെടുത്തി ചിത്രം എടുത്തു. മോണിറ്ററില്‍ ചിത്രം പരിശോധിക്കാനായി ബട്ടന്‍ ഞെക്കിയതും യുവകോമളന്‍റെയും തലയും കണ്ണും അവിടേക്ക് നീണ്ടെത്തി. (ഉദ്ദേശം മദാമ്മപ്പടം പരിശോധന തന്നെ). ഇരുട്ടുമൂടിയ ചിത്രം കണ്ടതും അദ്ദേഹത്തിന്‍റെ ചോദ്യമെത്തി-  "ഇതൊക്കെ ഇനി ഫോട്ടോഷോപ്പില്‍ നിങ്ങള്‍ തെളിച്ചെടുക്കുമായിരിക്കും അല്ലേ ബ്രോ?"  പകച്ചുപോയ എന്‍റെ ഫോട്ടോഗ്രാഫിയുടെ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെയായി " ഇങ്ങനെ നിഴല്‍ചിത്രം ഉദ്ദേശിച്ചുതന്നെയാണ് ഇത് എടുത്തതെന്നും തെളിച്ചെടുക്കാന്‍  ക്യാമറ നേരെ ഞെക്കിയാല്‍ മതി"യെന്നും  പറഞ്ഞു. ഉടന്‍ അദ്ദേഹം നമ്പര്‍ മാറ്റിപ്പിടിച്ചു... "അതെ! അതെ!  ഇതാണ് ഗംഭീരഫോട്ടോ... ചുമ്മാ ബീച്ചിലെ കാഴ്ചയൊക്കെ ആര്‍ക്കും എടുക്കാമല്ലോ... മറ്റു ഫോട്ടോകളൊക്കെയൊന്ന് കാണിക്കാമോ?"  ഉദ്ദേശം മനസിലാക്കിയ അദ്ദേഹത്തോട് നിങ്ങളുടെ ചിത്രം എടുത്തെന്നുള്ള ഭയമാണെങ്കില്‍ അത് എടുത്തിട്ടില്ലെന്നും മറ്റുചിത്രങ്ങളില്‍ നിന്നും അതുപരിശോധിക്കാനുള്ള തന്ത്രമാണെങ്കില്‍ ആ നമ്പര്‍ വേണ്ടെന്നും അറിയിച്ചു ഉടന്‍ തന്നെ വണ്ടിയില്‍ കയറി. അപ്പോഴേക്കും സൂര്യനും മുങ്ങിത്താണിരുന്നു.








2016, നവംബർ 3, വ്യാഴാഴ്‌ച

അങ്കമാലീലെ അമ്മാവൻ ആരാന്നാ പറഞ്ഞെ...?

ബ്രിക്സ് രാജ്യാന്തര കൂട്ടായ്മയുടെ സമ്മേളനപരിപാടി കവർചെയ്യാനാണ് ഇന്നുരാവിലെ കൊച്ചി താജ് ഹോട്ടലിലെത്തിയത്. രാവിലെ മറ്റൊരു മീറ്റിങ്ങിൽകൂടി സംബന്ധിച്ച് എത്തിയതിനാൽ ഈ പരിപാടിയിലേക്ക് ഓടിക്കയറുകയായിരുന്നു. ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-സൗത്ത് ആഫ്രിക്ക എന്നിവയിലെ പ്രതിനിധികൾ വേദിയിലും സദസിലുമൊക്കെയുണ്ട്. സാധാരണ ലഭിക്കാറുള്ളതുപോലെ ഉദ്ഘാടന പരിപാടിയുടെ കുറിപ്പൊന്നും കയ്യിൽ കിട്ടിയിട്ടില്ല. സംസ്ഥാനത്തെ മന്ത്രി ഡോ. കെ.ടി. ജലീലിനെയും, ഉദ്ഘാടകൻ കേന്ദ്രമന്ത്രി നരേന്ദ്രനിങ് തോമറെയും മാത്രമേ കണ്ടുപരിചയമുള്ള മുഖമുള്ളു. ഞാൻ ചെല്ലുമ്പോൾ ഹിന്ദിയിൽ പ്രസംഗിച്ച കക്ഷി രാജസ്ഥാനിലെ മന്ത്രിയാണെന്ന് പിന്നാലെ അവതാരകയുടെ വാക്കുകളിൽനിന്നും മനസിലായി. തുടർന്ന് ഉദ്ഘാടനമെത്തി ചിത്രവും എടുത്തു. ഇനി വേദിയിലിരിക്കുന്നവരുടെ പേരുകൾ സംഘടിപ്പിച്ചേമതിയാകൂ. അവതാരകയുടെ അടുത്തെത്തി വേദിയിലിരിക്കുന്നവരുടെ പേര് ശേഖരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്ത്യാക്കാരുടെയെല്ലാം പേര് പലയിടത്തുനിന്നായി ശേഖരിച്ചു. ഇനി മൂന്ന് വിദേശികളുടെ പേരുകൂടി കിട്ടാനുണ്ട്. ഉദ്ഘാടനചടങ്ങ് കഴിഞ്ഞതോടെ ഇവരെല്ലാം വേദിയിൽ നിന്നും താഴേക്കിറങ്ങി. വേദിയിൽ ഇടത്തുനിന്ന് ഒന്നും രണ്ടുമായി ഇരുന്ന ബ്രസീൽ, ചൈനീസ് കക്ഷികളുടെ കയ്യിൽ നിന്നും വിസിറ്റിങ് കാർഡ് വാങ്ങി. (വിദേശികളുടെ പേര് കൃത്യമായി  എഴുതാൻ പത്രപ്രവർത്തകർ സ്വീകരിക്കുന്നൊരു മാർഗ്ഗമാണിത്). ഇനി വലത്തേയറ്റത്തെ കക്ഷിയുടെ കയ്യിൽ നിന്നും കാർഡ് വാങ്ങണം. വേദിയിൽ നിന്നും ഇറങ്ങിയപാടെ അദ്ദേഹത്തിന്റെ രാജ്യത്തെ പ്രതിനിധികളുമായി എന്തൊക്കെയോ ചർച്ചയിലാണ് കക്ഷി. ഇടയിൽചെന്ന് താങ്കളുടെ ഒരു ബിസിനസ് കാർഡ് തരുമോയെന്ന് ചോദിച്ചു. എന്തിനാണത് എന്ന ഭാവത്തിൽ അദ്ദേഹം മുഖത്തേക്ക് നോക്കി. മീഡിയ പ്രതിനിധിയാണെന്നും താങ്കളുടെ പേര് കൃത്യമായി നൽകാനാണ് ചോദിച്ചതെന്നും പറഞ്ഞപ്പോൾ ചെറുചിരിയോടെ പോക്കറ്റിൽ നിന്നും കാർഡ് എടുത്തുതന്നു. മറ്റുരണ്ടുപേരും ചൈനീസ്-ബ്രസീൽ ഒന്നാം സെക്രട്ടറിയും രണ്ടാം സെക്രട്ടറിയുമായതിനാൽ ഇത് റഷ്യയുടെ ഏതോ സെക്രട്ടറി എന്നേ കരുതിയുള്ളു. പക്ഷേ കാർഡിലെ ഉദ്യോഗസ്ഥാനം കണ്ടപ്പോൾ വിശ്വസിക്കാനായില്ല. Rustem Kh. Mardanov, “PRIME MINISTER” Government of the republic of Bashkortostan. 

ഈശ്വരാ പ്രധാനമന്ത്രിയോ? പല ദിവസങ്ങളിലും പ്രാതൽകഴിക്കാറുള്ള സാധനം ഓർമ്മയുള്ളതുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ പേര് ദിവസവും സ്മരിക്കാറുണ്ട്. പക്ഷേ ഇത് പ്രധാനമന്ത്രി.... കിലുക്കത്തിലെ അങ്കമാലീലെ അമ്മാവൻ... ഡയലോഗ് ഓർത്തുവെറുതെ ചിരിച്ചു. പ്രധാനമന്ത്രിയോട് വിസിറ്റിങ് കാർഡ് ആവശ്യപ്പെട്ട സംഭവം സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർക്കും കൗതുകം. പുറത്തിറങ്ങിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പിന്നെ നിരവധി ക്യാമറകളിൽ പതിഞ്ഞു. ഒപ്പം ഈ ഞാനും... 


                                                      ജോസ്കുട്ടി പനയ്ക്കൽ 


#BRICS #MARDANOV #RustemKhMardanov #MyLifeBook 20161103 

https://www.facebook.com/josekuttyp/posts/1253229431394122?pnref=story

2016, നവംബർ 2, ബുധനാഴ്‌ച

നമിച്ചുഞാൻ!

അവയവം മാറ്റിവയ്ക്കൽ ഇപ്പോൾ കേരളത്തിൽ ഒരു സംഭവമേയല്ല. വിമാനത്തിൽ പറന്നെത്തുന്ന ഹൃദയം മിനിറ്റുകൾക്കുള്ളിൽ മറ്റൊരാളിലേക്ക് ഘടിപ്പിക്കുന്നതും ഇപ്പോൾ പുതുമയല്ലാതായി മാറി. രജനീകാന്ത് അഭിനയിച്ച തമിഴ് സിനിമ ‘ശിവാജി’യിൽ മരിച്ച ശേഷം നായകൻ വൈദ്യശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചു തിരിച്ചുവരുന്നതുപോലെ ഇവിടെയും സംഭവിച്ചു. സ്വന്തം ഹൃദയം നിലച്ച വ്യക്തിയാണ് തൃപ്പ‍ൂണിത്തുറ സ്വദേശി ജിതേഷ്. ഇന്ത്യയിലെ പരിമിതമായ സൗകര്യംവച്ച് കൊച്ചി ലിസി ആശുപത്രിയിൽ ഹൃദയ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തിന് പരിചരണം നൽകി. യന്ത്രങ്ങളാണ് പത്തുദിനത്തോളം ശരീരത്തിന് പുറത്ത് ഇദ്ദേഹത്തിന്റെ ഹൃദയമായി ജോലി ചെയ്തത്. അതിനുശേഷം മസ്തിഷ്ക്കമരണം സംഭവിച്ച മറ്റൊരാളുടെ ഹൃദയം ശരീരത്തോട് ചേർക്കുകയായിരുന്നു. അവയവദാനത്തെക്കുറിച്ച് വിവാദങ്ങളും വിശകലനങ്ങളും പലതുണ്ട്. പക്ഷേ മരിച്ച് ജീവിച്ചുവന്ന ജിതേഷ് വിതുമ്പുന്ന ഹൃദയത്തോടെ പറഞ്ഞവാക്കുകളിൽ ഹൃദയം ദാനം ചെയ്ത കുടുംബത്തോടും, പരിചരിച്ച ഡോക്ടർമാരോടുമുള്ള ഹൃദയവായ്പ് ഉണ്ടായിരുന്നു. ആശുപത്രിയിൽ ജിതേഷിനെ യാത്ര അയക്കാനെത്തിയ നടി മഞ്ജുവാര്യരും ഈ വാക്കുകളിൽ ഡോക്ടറെ നമിച്ചുപോയ്. Photo by Josekutty Panackal 
https://www.facebook.com/photo.php?fbid=1252947891422276&set=a.303385119711896.89600.100001212323304&type=3&theater

#HeartTransplant #Jithesh #Actress #ManjuWarrier#Doctor #JoseChakkoPeriyappuram

2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ഇവിടെ പാടത്തെ ജോലിക്ക് വരമ്പത്ത് കൂലിയില്ല...

ചിങ്ങം ഒന്നിനു കേരളത്തിലെ മാധ്യമങ്ങളിൽ നെൽപാടത്തുനിന്നുള്ള ചിത്രങ്ങൾ പ്രധാനമായും വരുന്നത് എന്തുകൊണ്ടാണ്? കൃഷി എന്നുപറഞ്ഞാൽ നെൽകൃഷി മാത്രമേയുള്ളോ? റബർ, തെങ്ങ്, കൊക്കോ, വാഴ, പൈനാപ്പിൾ, ഇഞ്ചി... എന്നിങ്ങനെയെല്ലാം  കൃഷിയുള്ളപ്പോൾ പാടത്തു കൃഷിചെയ്യുന്നവർ  മാത്രം എന്തുകൊണ്ട് കർഷകരായി മാറുന്നു? കാരണങ്ങൾ പലതാണ്. ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ മറ്റുനിറങ്ങളേക്കാൾ വളരെ നന്നായി അച്ചടി മാധ്യമങ്ങളിൽ അച്ചടിച്ചുവരും.... പച്ചപ്പ് എന്നത് കണ്ണിനു കുളിർമ നൽകും... ചിങ്ങം എത്തുന്ന സമയത്ത് ചിത്രമെടുക്കാൻ  പോകുന്നയാൾക്ക്  അത്യാവശ്യം ഏത് ആംഗിളിലും ചിത്രമെടുക്കാൻ  നെൽ‌പാടത്തുനിന്നും കഴിയും... എന്നിങ്ങനെ പോകുന്നു പാടത്തെ പേജിലെത്തിക്കുന്ന രഹസ്യങ്ങൾ. 

എന്നാൽ ഇത് ഇരുണ്ടുമൂടിക്കിടക്കുന്ന റബർ തോട്ടത്തിലേക്കോ, ഉയരത്തിൽ മാത്രം പച്ചപ്പുമായി നിൽക്കുന്ന തെങ്ങിൻ തോപ്പിലോ  മറ്റുകൃഷിയിടത്തിലോ ഒക്കെ നിറഞ്ഞൊരു ഫ്രെയിമിനുള്ള സാധ്യത നെൽപാടത്തെ വച്ചതുലനം ചെയ്യുമ്പോൾ തീരെ കുറവാണ്. മാത്രമല്ല 98 ശതമാനം മലയാളികളും എന്നും സ്പർശിക്കുന്ന ഒരു ഭക്ഷ്യവിഭവം കൂടിയാകുന്നത് നെല്ലും പാടവും മലയാളിയെ കൂടുതൽ ചിത്രത്തെ മനസിലേക്ക് ആവാഹിക്കാൻ സാധിക്കും എന്നൊക്കെയാണ് കണക്കുകൂട്ടപ്പെടുന്നത്. 

ഇനി ഇന്നലെ വരമ്പത്ത് കൂലിയില്ലാത്ത പാടത്ത് പോയ അനുഭവം പറയാം. മഠത്തിലെ കന്യ‍ാസ്ത്രീകൾ  കരനെൽകൃഷി നടത്തുന്നുവെന്നറിഞ്ഞാണ് അവിടേക്ക് പോയത്. ആലുവ അശോകപുരത്തെ  കോൺവെന്റിന്റെ  പറമ്പിലാണ് കൃഷി. അവർ ആദ്യമായാണ് ഈ കൃഷി നടത്തുന്നതെങ്കിലും  കഴിഞ്ഞവർഷം പച്ചക്കറി കൃഷിക്കു കിട്ടിയ ജില്ലാതല സമ്മാനമാണ് ഇത്തവണ പുതിയ കൃഷി പരീക്ഷിക്കാൻ ഇവരുടെ ഊർജം. ആകെ അഞ്ചു കന്യകാസ്ത്രീകൾ മാത്രമുള്ള ഇവിടെ രണ്ടേക്കറിലാണ് കൃഷി. ഒരു സഹായിയെക്കൂടി ഇവർ ജോലിക്കായി വച്ചിട്ടുണ്ട്. കൃഷിപ്പണിക്ക് ഇവർക്ക് ദിവസക്കൂലിയൊന്നും കിട്ടില്ല, പക്ഷേ കന്യാസ്ത്രീ വേഷവും കൊന്തയുമായി ഇവരുടെ പാടത്തെ വേല കാഴ്ചയിലും ക്യാമറയിലും കൗതുകം തന്നെ. 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...