2019, മേയ് 6, തിങ്കളാഴ്‌ച

ഒരു ‘നീറ്റ്’ കുടുങ്ങല്‍!!!


നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷാ ദിനമായിരുന്നു ഇന്നലെ. പരീക്ഷ എഴുതുന്നവരുടെ വസ്ത്രധാരണത്തില്‍ മുതല്‍ ചെരുപ്പില്‍ വരെ ഉദ്യോഗസ്ഥര്‍ ശ്രദ്ധപതിപ്പിക്കുന്ന ദിനം. ആഭരണം, മൊബൈല്‍, ‘കുണുക്കിട്ട’ വസ്ത്രങ്ങള്‍, വാച്ച്... എന്നിങ്ങനെവേണ്ട പേന വരെ ഒഴിവാക്കി വേണം പരീക്ഷാഹാളില്‍ കയറാന്‍. ഈ സംഗതികളുടെ അങ്കലാപ്പും ആഘോഷവും ക്യാമറയില്‍ പകര്‍ത്താനാണ് കൊച്ചി കഠാരിബാഗിലെ (ഇതുവായിക്കുന്ന ഇതര ജില്ലക്കാര്‍ കഠാരി ബാഗിലാക്കി കൊണ്ടുവന്നുവെന്ന് തെറ്റിദ്ധരിക്കരുത്, അത് കൊച്ചിയിലെ സ്ഥലപേരാണ്) കേന്ദ്രീയ വിദ്യാലയത്തിലെത്തിയത്.  പതിവ് ആശങ്കകളും അങ്കലാപ്പുമൊക്കെ ക്യാമറയില്‍ പകര്‍ത്തി ഉച്ചക്ക് കൃത്യം 1.30ന് ക്ലോക്കിനെ സാക്ഷിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റ് പൂട്ടുന്ന ദൃശ്യവും എടുത്തു. ഇനി പുറത്തുനിന്നും ആരെയും സ്കൂള്‍ ക്യാംപസില്‍ പ്രവേശിപ്പിക്കില്ല. തൊട്ടുപിന്നാലെയിതാ വെപ്രാളപ്പെട്ട് രണ്ടുപേര്‍ കൂടി പരീക്ഷയെഴുതാനെത്തുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് അവര്‍ ഗേറ്റുതുറക്കാന്‍ അപേക്ഷിച്ചു നോക്കി. ഞങ്ങളല്ല മുകളില്‍ നിന്നുള്ള നിര്‍ദേശമാണ് എന്നുപറഞ്ഞ് അവര്‍ കയ്യൊഴിഞ്ഞു.  കഴിഞ്ഞ തവണ ഇതേ സ്ഥലത്ത് താമസിച്ചെത്തിയവരെ രക്ഷാകര്‍ത്താക്കള്‍ സംഘടിച്ച് ഗേറ്റു ചാടിച്ച് അകത്തു കടത്തിയ ചരിത്രമുണ്ട്. അതിനാല്‍ത്തന്നെ രക്ഷാകര്‍ത്താക്കളെയെല്ലാം നേരത്തെ തന്നെ സ്ഥലത്തുനിന്നും പറഞ്ഞുവിടാന്‍ ഇത്തവണ അവര്‍ ശ്രമിച്ചിരുന്നു. ഇത്തവണ താമസിച്ചുവന്നവര്‍ തിരികെ പോയാലേ എനിക്ക് ഗേറ്റിനപ്പുറം കടക്കാനാകൂ. ഫലത്തില്‍ ചിത്രമെടുക്കാന്‍ വന്ന ഞാന്‍ ഈ ഗേറ്റിനിപ്പുറം കുടുങ്ങി. വൈറ്റിലയിലെ ഗതാഗതക്കുരിക്കില്‍ പെട്ട് താമസിച്ചതാണ് കാരണമെന്ന് അവരോട് ചോദിച്ചു മനസിലാക്കി. ഇനി നിന്നിട്ടു കാര്യമില്ലെന്നും താമസിച്ചുവരുന്നവര്‍ക്കായി ഗേറ്റ് തുറക്കരുതെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമെല്ലാം പറഞ്ഞു നോക്കി. ലക്ഷ്യം ഇവരെ തിരിച്ചയച്ച് എനിക്ക് പുറത്തിറങ്ങണം. ഈ തന്ത്രമൊന്നും വിലപ്പോയില്ല, അവര്‍ പോകുന്ന ലക്ഷണവും കാണുന്നില്ല. എനിക്ക് കവര്‍ ചെയ്യാനുള്ള അടുത്ത പരിപാടിക്ക് പോകേണ്ട സമയവും അടുക്കുന്നു. അപ്പോഴാണ് ഭാഗ്യത്തിന്റെ രൂപത്തില്‍ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അവതരിക്കുന്നത്. പുള്ളിക്കാരന് സ്കൂട്ടറില്‍  അടിയന്തിരമായി പുറത്തേക്ക് പോകേണ്ടതുണ്ട്. ആ സ്കൂട്ടറിന് പുറത്തുകടക്കാന്‍ മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റ് അല്‍പം തുറന്നു ആ വിടവിലൂടെ ഈ തടിയും കടത്തി ഞാനും നീറ്റായി പുറത്തേക്ക്...  By Josekutty Panackal 06.05.2019
#MyLifeBook #NEET #Examination #PhotoJournalism #NewsPhotography 

2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

41 ഇഞ്ച് സ്ഥലം മാത്രം:


അടിയില്ലാത്ത അത്രയും അടിയിലേക്ക് അമ്മയുടെ പിടിവിട്ട് അവന്‍ യാത്രയായി. ആ മൂന്നുവയസുകാരനായി മണ്ണ് അളന്നെടുക്കുമ്പോള്‍ സാക്ഷ്യം വഹിച്ച ക്യാമറക്കു പറയാന്‍  വീണ്ടുമൊരു അനുഭവകഥ. ഇതര സംസ്ഥാനക്കാരുടെ മരണം അത്രയൊന്നും നമ്മള്‍ പൊതുവെ ഗൗനിക്കാറില്ല. നാടോടികളായോ തൊഴിലാളികളായോ നമ്മുടെ നാട്ടിലെത്തുന്നവരുടെ കുട്ടികള്‍ മഴയത്തും വെയിലത്തും പൊടിയിലും ചെളിയിലുമെല്ലാം ഇറങ്ങി നടക്കുമ്പോള്‍ നമ്മുടെ ചിലയാളുകളെങ്കിലും പറയും  അവര്‍ക്ക് എന്ത് ആരോഗ്യമാണ് നമ്മുടെ കുട്ടികളെങ്ങാനുമായിരുന്നെങ്കില്‍ എന്തെല്ലാം അസുഖം പിടിപെട്ടേനെയെന്ന്. എന്നാല്‍ ഊരും പേരും ഇല്ലാത്തതിനാലും അവരുടെ മരണമൊക്കെ പല കണക്കിലും പെടാത്തതിനാലുമാണ് അക്കാര്യമൊന്നും നമ്മള്‍ അറിയാത്തത്. ഇതും അങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നായിരുന്നു. കൊച്ചി ഏലൂരിലെ പരുക്കേറ്റ ആ മൂന്നുവയസുകാരനെ  ആശുപത്രിയില്‍ എത്തിച്ചതുമുതല്‍ അവിടുത്തെ ഡോക്ടര്‍മാര്‍ക്കു തോന്നിയ സംശയമാണ് കുട്ടിയെ മര്‍ദിച്ചതെന്നുള്ള കാര്യത്തിലേക്കും, തുടര്‍ന്ന് ബംഗാളി അച്ഛനെയും ജാര്‍ഖണ്ഡ് അമ്മയെയും ചോദ്യം ചെയ്യുന്നതിലേക്കും വഴിയൊരുക്കിയത്. തൊടുപുഴയില്‍ അടുത്തിടെ ഇത്തരത്തില്‍ മരിച്ച കുട്ടിയെപ്പോലെ അധികം ദിവസമൊന്നും ഇവന് കിടക്കേണ്ടിവന്നില്ല. ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു വെള്ളിയാഴ്ച മരിച്ചു. മാതാപിതാക്കള്‍ പൊലീസ് പിടിയിലായതിനാല്‍ സംസ്കാരമൊക്കെ എങ്ങിനെ നടത്തുമെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും കളമശേരി പാലയ്ക്കാമുകള്‍  മുഹിയുദ്ദീന്‍ ജുമാ മസ്ജിദിലെ ഒട്ടേറെ ആളുകള്‍ ഇതിനായി സഹായിച്ചു. അതിലൊരാളാണ് കുട്ടിയുടെ അളവെടുക്കാനായി മോര്‍ച്ചറിയിലെത്തിയത്. 41 ഇഞ്ച് എന്നാല്‍ എത്ര അടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. കുട്ടിയുടെ നീളം 41 ഇഞ്ച്. അതു കുഴിവെട്ടുകാരനെ അറിയിക്കണം. ഗൂഗിളില്‍ പരതി മൂന്നടിയോടടുത്ത് മാത്രമേ ആ കുട്ടിയ്ക്കു കിടക്കാന്‍ നീളം ആവശ്യമുള്ളുവെന്ന് അറിയിച്ചു. ആ ചോദ്യത്തില്‍നിന്നു പിറന്നതാണ് ഈ ചിത്രം. അതെ ചിത്രത്തിലേതുപോലെ തന്നെ അവന്‍ പോയി... അളവുകളില്ലാത്ത ലോകത്തിലേക്ക്... Josekutty Panackal / Manorama 
#BehindThePhoto #BehindThePicture #MyLifeBook #3yearOldBoyDeath #Measurement #Grave

2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

"കില്ലര്‍ " ഫോര്‍ രാഹുല്‍ഗാന്ധി


ഇന്ന് വയനാട്ടില്‍ രാഹുല്‍ഗാന്ധി നാമനിർദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍  15 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ പത്രികാസമര്‍പ്പണ വേളയിൽ ചിത്രമെടുക്കാനെത്തിയ എനിക്കു നേരിട്ട അനുഭവം പങ്കുവയ്ക്കട്ടെ. ഉത്തര്‍പ്രദേശിലെ  അമേഠി മണ്ഡലത്തില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണത്തിനുശേഷം റോഡ് ഷോയോടെയാണ് രാഹുല്‍ മടങ്ങിയത്.  സഹോദരി പ്രിയങ്കക്കൊപ്പം വാഹനത്തിനു മുകളില്‍ കയറിയിരുന്ന് കൈവീശിയും കൈനീട്ടുന്നവരുടെ കയ്യില്‍ തഴുകിയും അവര്‍ കടന്നുവരുന്നു.  റോഡില്‍ ജനക്കൂട്ടത്തിനിടയിൽ നിന്നു  ചിത്രമെടുത്തെങ്കിലും തിരക്കില്‍പെട്ട് മര്യാദക്കുള്ള ഫോട്ടോയൊന്നും കിട്ടുന്നില്ല. അതിനാൽ
ഇരുമ്പുകമ്പികള്‍ കുന്തംപോലെ സ്ഥാപിച്ചിട്ടുള്ള ഒരു മതിലിനു മുകളില്‍ കയറി ചിത്രമെടുക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ എന്തോ മരുന്നുകുപ്പി എടുക്കുകയും അദ്ദേഹത്തിന്റെ കയ്യില്‍ തുടയ്ക്കുകയും ഒരു ചെറിയ ബാന്‍ഡ്എയിഡ് ഒട്ടിക്കാന്‍ ശ്രമിക്കുന്നതും കാണുന്നത്. കുറച്ചുകൂടി ക്യാമറ സൂം ചെയ്തു നോക്കിയപ്പോള്‍ രാഹുലിന്റെ വിരലില്‍ നിന്നും ചെറിയ രീതിയില്‍ രക്തം ഒലിക്കുന്നു.  ജനക്കൂട്ടത്തില്‍ ആരോ മാന്തുകയോ, ബ്ലേഡ് ഉപയോഗിക്കുകയോ ചെയ്തതാണെന്ന് എസ്പിജിക്കാരുടെ മുഖഭാവത്തിൽ  നിന്നും വ്യക്തം. ഇത് കൂടുതല്‍ അടുത്തു നിന്നു പകര്‍ത്താന്‍ ഈ മതിലില്‍ നിന്നും താഴേക്ക് ഒറ്റ ചാട്ടം വച്ചുകൊടുത്തു. പക്ഷേ മതിലിനു താഴെയെത്തേണ്ട സമയമായിട്ടും എന്റെ കാല്‍ നിലത്ത് തൊടുന്നേയില്ല. അന്തരീക്ഷത്തില്‍ത്തന്നെ തങ്ങിക്കിടക്കുകയാണ്. ചാട്ടത്തിനിടയില്‍  ജീന്‍സിനും ബെല്‍റ്റിനുമിടയിലൂടെ മതിലില്‍ കുന്തം പോലെ സ്ഥാപിച്ചിരിക്കുന്ന  ഇരുമ്പ് കമ്പി തുളച്ചു കയറിയിരിക്കുന്നു. ‘കില്ലര്‍’  എന്ന കമ്പനിയുടെ ജീന്‍സാണെന്നത് ഞാന്‍ ഓര്‍മ്മിക്കുന്നു. കലണ്ടര്‍ ഭിത്തിയിലടിച്ചു തൂക്കിയതുപോലെ മുകളിലേക്കുമില്ല താഴേക്കുമില്ല എന്ന രീതിയില്‍ കയ്യില്‍ ക്യാമറയും പുറത്ത് ബാഗുമായി ഞാന്‍ മതിലില്‍ തൂങ്ങിക്കിടക്കുകയാണ്. ആളുകളുടെയെല്ലാം ശ്രദ്ധ രാഹുലിലും പ്രിയങ്കയിലുമാണുതാനും.  ഹലോ... ഹലോ... എന്ന വിളിയില്‍ ഒരാള്‍ സഹായിക്കാനെത്തി. ക്യാമറയും ബാഗും അദ്ദേഹം പൊക്കിയെടുത്തു. ബെല്‍റ്റ് ഹുക്ക് അഴിച്ചുവിട്ടതോടെ നേരെ മുകളിലേക്ക് കയറാമെന്നായി. അങ്ങനെ കീറിയ കില്ലർ ജീന്‍സിനെ  സുല്‍ത്താന്‍പുരില്‍ത്തന്നെ ഉപേക്ഷിച്ചാണ് മടങ്ങിയത്.
By Josekutty Panackal 04.04.2019 

2019, മാർച്ച് 14, വ്യാഴാഴ്‌ച

ഭാഷ മലയാളം തന്നെ


എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനത്തില്‍ ആണ്‍കുട്ടികളുടെ പടം തന്നെ എടുക്കാം എന്ന പ്രതീക്ഷയോടെയാണ് എറണാകുളം നഗരത്തിലെ ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു സ്കൂളില്‍ എത്തിയത്. ആകെ 30 കുട്ടികള്‍ മാത്രമാണ് അവിടെയുള്ളത്. ക്യാമറ കണ്ടപാടെ വിരലുയര്‍ത്തി കോപ്രായം കാണിച്ചതോടെ ആ സ്കൂള്‍ വിട്ട് അടുത്ത സ്ഥലത്തേക്ക് പോകാന്‍ തീരുമാനിച്ചു.  അപ്പോഴേക്കും പരീക്ഷക്കു കയറാനുള്ള സമയമായിരുന്നു. അവിടെ ഒരു സ്ത്രീമാത്രം  മലയാളം പരീക്ഷക്ക് മകനെ കയറ്റിവിട്ടിട്ടു ക്യാംപസില്‍ കാത്തിരിക്കുന്നുണ്ട്. മറ്റുവിദ്യാര്‍ഥികള്‍കൂടി ഹാളില്‍ കയറിയ സമയം നോക്കി ഉച്ചഭക്ഷണം കഴിച്ചു തിരിച്ചുവരാന്‍ ഞാനും ഓഫിസിലേക്ക് പോയി. പരീക്ഷ തീരുന്ന 3.30ന് വീണ്ടും തിരിച്ചെത്തിയപ്പോഴും ആ സ്ത്രീ അവിടെത്തന്നെയുണ്ട്. ശാരീരികക്ഷമതയില്ലാത്ത ഏതെങ്കിലും കുട്ടിയുടെ രക്ഷാകര്‍ത്താവാകും എന്നുകരുതി അവരോട് ചോദിച്ചു ‘വയ്യാത്ത കുട്ടിയാണോ?’. ‘ അവനെ തനിച്ചു വിടരുത് ആകെ പ്രശ്നമാണ് ’ എന്ന് അധ്യാപകന്‍ പറഞ്ഞതിനാലാണെത്രെ അമ്മയുടെ എസ്കോട്ടോടെ ദിവസവും പരീക്ഷക്ക് വരാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം സ്കൂളിലുണ്ടായ അടിപിടിയെത്തുടര്‍ന്നാണ്  അങ്ങനൊരു ഉപായം അധ്യാപകന്‍ കണ്ടുപിടിച്ചത്. ഏതായാലും അത്രവലിയ അടിവീരനായ മകനെ കാണാന്‍ ഞാനും കാത്തുനിന്നു. പരീക്ഷതീര്‍ന്നു ബെല്‍ അടിച്ചതോടെ കൂട്ടത്തോടെ വിദ്യാര്‍ഥികള്‍ പുറത്തെത്തി. ഈ അമ്മയുടെ അടുത്തേക്ക് വരുന്ന ആ പരാക്രമി ഏതെന്ന് നോക്കി നില്‍ക്കുമ്പോള്‍ അതാ വരുന്നു വലുപ്പത്തില്‍ ചെറുതും വെളുത്ത് സുന്ദരനുമായ ഒരു കുഞ്ഞു ചെറുക്കന്‍. ഇവനോ ഇത്രവലിയ അടിക്കാരന്‍ എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ അമ്മയുടെ ചോദ്യമെത്തി ‘എങ്ങിനെ ഉണ്ടായിരുന്നെടാ പരീക്ഷ?’ അടുത്ത നിമിഷം മറുപടിയെത്തി ‘പൊളി അമ്മാ!!!’. ആ മറുപടിയിലുണ്ട് അവന്റെ പരാക്രമം മുഴുവന്‍….
#SSLC #FunnyReplay #MotherAndSon #Examination #MyLifeBook #10thExam 

2019, ജനുവരി 3, വ്യാഴാഴ്‌ച

നക്ഷത്രങ്ങള്‍ കരയാറില്ല

അതെ! വിപ്ലവ നക്ഷത്രത്തിന്റെ മകള്‍ക്ക് അങ്ങിനെയാകാനേ കഴിയൂ... തളര്‍ന്ന ശരീരവുമായി വീല്‍ ചെയറില്‍ ഇരുന്നുപോയിട്ടും പോരാട്ടവീര്യവുമായി ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങിയ ആ പോരാളിയുടെ മകള്‍ക്ക് ഇത്രയെങ്കിലും കരുത്തുണ്ടായില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ്?  സിപിഎമ്മിന്റെ ജിവിക്കുന്ന രക്തസാക്ഷിയായിരിക്കുകയും കഴിഞ്ഞ ദിവസം അന്തരിക്കുകയും ചെയ്ത മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയുടെ മകളെക്കുറിച്ചാണ് പറയുന്നത്. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴാണ് ഞാന്‍ ചിത്രമെടുക്കാന്‍ ചെല്ലുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മകളും എനിക്കത്ര പരിചിതരല്ല. പക്ഷേ ഈ മകള്‍ എനിക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ അത്ഭുതമായി മാറി. അച്ഛന്റെ മരണം നന്നായി മനസിലാകുന്ന പ്രായമായിരുന്നിട്ടും അതിന്റെ ദു:ഖമൊക്കെ ഉള്ളിലൊതുക്കി ആളുകള്‍ക്കിടയിലൂടെ ഓടി നടക്കുന്നു. ഇടക്ക് കൂട്ടുകാരോടു കുശലം പറയുന്നു. മന്ത്രിമാരടക്കമുള്ള നേതാക്കളോട് ചിരിച്ച് കൈകൂപ്പി നന്ദി അറിയിക്കുന്നു. ഇടക്ക് വിതുമ്പുന്ന അമ്മയെ ആശ്വസിപ്പിക്കുന്നു. അതിനിടെയാണ്   സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്ന സമ്മതപത്രം ഭാര്യയെക്കൊണ്ട് ഒപ്പിടീക്കാന്‍ ഒരാള്‍ കൊണ്ടുവന്നത്. വിറയ്ക്കുന്ന കരത്തോടെ ഭാര്യ സീന ഭാസ്കര്‍ അതുകയ്യിലെടുത്ത് ബ്രിട്ടോയുടെ ശരീരം  വച്ചിരിക്കുന്ന പെട്ടിയുടെ ചില്ലില്‍ വച്ചു. കണ്ണില്‍ ഉരുണ്ടുകൂടിയ നീര്‍മുത്തുകള്‍ മൂലം ചിലപ്പോള്‍ അവര്‍ക്ക് ഒപ്പിടേണ്ട സ്ഥലം കാണാന്‍ കഴിഞ്ഞില്ലായിരിക്കാം. അവിടെയും ആ മകള്‍ നക്ഷത്രമായി ഉദിച്ചു.  അമ്മയുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചു ഒപ്പിടേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തു. ആ നിമിഷമാണ് ഈ ചിത്രമായി മാറിയത്. അതെ! നക്ഷത്രങ്ങള്‍ കരയാറില്ല.... By Josekutty Panackal 03.01.2019

#SimonBritto #SeenaBhasker #KAIENIYA #Daugher #MyLifeBook #BehindThePhoto #BehindThePicture

2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

പേസിന്റെ ബേസ്


 ഒക്ടോബര്‍ മാസത്തെ പഴയകാലത്തെക്കുറിച്ച് ഫേസ്ബുക്ക് ഓര്‍മ്മിപ്പിച്ചപ്പോള്‍ എട്ടുകൊല്ലം മുന്‍പെടുത്ത ഈ ചിത്രത്തിനു പിന്നിലെ കഥ പറയാമെന്നു തോന്നി. 2010ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ടെന്നിസ് മിക്സഡ്  ഡബിള്‍സ് ഫൈനല്‍.  ലിയാണ്ടര്‍ പേസും സാനിയ മിര്‍സയുമാണ് ഇന്ത്യക്കുവേണ്ടി കളത്തില്‍. കരീബിയര്‍ ദ്വീപുസമൂഹത്തിലെ സെന്റ് ലൂസിയ രാജ്യക്കാരാണ് എതിരാളികള്‍. മത്സരം ഇന്ത്യ ജയിച്ചു.  സന്തോഷം പങ്കുവച്ച്   ആരാധകര്‍ക്കായി ടെന്നിസ് ബോളുകള്‍ സാനിയ കളത്തില്‍ നിന്നും ഗ്യാലറിയിലേക്ക് അടിച്ചുകൊടുത്തു. ബോളുകള്‍ കിട്ടിയവര്‍ ആഘോഷപൂര്‍വം അതു കൈക്കലാക്കി. പ്രസ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലത്തുനിന്നും കളിയുടെയും അതിനു ശേഷമുള്ള ആഘോഷത്തിന്റെയും ചിത്രം എടുത്തതോടെ ഇനി എനിക്കും കളം വിടാം. ലിയാണ്ടറും സാനിയയും വിയര്‍പ്പൊക്കെ ഒപ്പി മടങ്ങുകയാണ്. ഗെയിംസിന്റെ  ഒഫിഷ്യല്‍ ബ്രോഡ്കാസ്റ്റര്‍ നമ്മുടെ സ്വന്തം ദൂരദര്‍ശനാണ്. പക്ഷേ ക്യാമറയൊക്കെ മിക്കവാറും കൈകാര്യം ചെയ്യുന്നതാകട്ടെ സായിപ്പന്മാരും. ലിയാണ്ടറിന്റെ തിരിച്ചുപോക്ക് ചിത്രീകരിക്കുന്നതിനിടയില്‍ അരികിലെ ബോര്‍ഡിലിടിച്ചു ദാ കിടക്കുന്നു ഒരു ക്യാമറാമാന്‍. വെടിയുണ്ടപോലെ വരുന്ന ബോളുകളെ തിരിച്ചയക്കുന്ന വേഗതയോടെ അദ്ദേഹം താഴെവീഴുന്നതിനു മുന്‍പ് ക്യാമറമാനെയും ക്യാമറയെയും ലിയാണ്ടര്‍ താങ്ങി നിറുത്തി. ഭീകരാക്രമണ ഭയമുണ്ടായിരുന്ന സമയമായതിനാല്‍ സാനിയ മിര്‍സ പേടിച്ചരണ്ട് ‘എന്നെ കൊല്ലല്ലേ’എന്ന ഭാവത്തില്‍ അരികിലൂടെ ഓടിയകന്നു. ഏതായാലും കളിയും അതിനുശേഷമുള്ള ആഘോഷത്തേക്കാളും രസകരമായ ഒരു ചിത്രമായി അതുമാറുകയായിരുന്നു. ബെയ്ജിങ്ങില്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പിനുശേഷം  ഉസൈന്‍ ബോള്‍ട്ട് വിജയാഘോഷം നടത്തുന്നതിനിടെ പിന്നില്‍ നിന്നും ക്യാമറയുമായി വന്ന് ഇടിച്ചുവീഴ്ത്തിയ ക്യാമറാമാന്‍ മുതല്‍ നമ്മുടെ മുഖ്യന്റെ നെഞ്ചത്ത് മൈക്ക് കുത്തിയ സംഭവം വരെ ഉണ്ടായപ്പോള്‍ ഇക്കാര്യവും ഓര്‍മ്മയിലെത്തിയിരുന്നു. By Josekutty Panackal
#LeanderPaes #SaniaMirza #CameraMan #Fall #CommonWealthGames #Delhi2010 #MyLifeBook #BehindThePhoto #BehindThePicture 

2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

ക്യാമറക്കു മുന്നില്‍


 എന്റെ ജീവിതത്തിലെ ഫൊട്ടോഗ്രഫി കഥകള്‍ പറഞ്ഞു കുറച്ചുനേരം. ക്യാമറക്ക് പിന്നില്‍ നില്‍ക്കുന്നയാളായതിനാല്‍ മുന്നിലെത്തിയ ഈ സമയത്ത് പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയവമാത്രമേ പറയാനായിട്ടുള്ളു. തല്‍സമയ ചോദ്യവും ഉത്തരവും ആയതിനാല്‍ വലിയ കാര്യങ്ങളിലേക്കൊന്നും പോകാന്‍‌ കഴിഞ്ഞില്ല. പക്ഷേ 52 മിനിറ്റ് എന്തുപറയാന്‍ എന്നുവിചാരിച്ചിടത്ത് അതിലേറെ പറയാന്‍ ഉണ്ടാകുമെന്ന് മനസിലായി. നന്ദി ടീം കേരള വിഷന്‍. ഇതോടൊപ്പമുള്ള  രണ്ടുമിനിറ്റ് സാംപിള്‍ ക്ലിപ്പിലെ സംഭാഷണങ്ങള്‍ സഹിക്കാന്‍ കഴിയുന്നുവെങ്കില്‍ മാത്രം ഈ യൂട്യൂബ് ലിങ്കില്‍ പോയി മുഴുവനും കാണാം. https://youtu.be/kwMnSdY5NBk

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...